ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതന് സമീപം കെട്ടിടം തകർന്നുവീണ് വൻ അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദുരന്തമുണ്ടായത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഡൽഹി ഫയർ സർവീസും പൊലിസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.
തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. നിലവിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആളുകൾക്കായി തെരച്ചിൽ തുടരുകയാണ്.
ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിൽ വിദ്യാർത്ഥികൾ താമസിക്കുന്ന പേയിംഗ് ഗസ്റ്റ് (പിജി) കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ചയായതിനാൽ ഭൂരിഭാഗം വിദ്യാർത്ഥികളും മുറികളിൽ തന്നെയുണ്ടായിരുന്നു.
അപകടസമയത്ത് അൻപതോളം വിദ്യാർഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായി പ്രദേശവാസിയായ ദൃക്സാക്ഷി വെളിപ്പെടുത്തി. നിലവിൽ പന്ത്രണ്ടോളം ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്താണ് രക്ഷാപ്രവർത്തനം നടത്തുന്നത്.